സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത്. നേരത്തെ ഏപ്രിൽ 12നാണ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തു.
കേരളത്തിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ സമർപ്പിക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലൻസ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളിൽ വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ.എം ഷാജിയുടെ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളിൽ റെയ്ഡ്. ഇന്നലെ രാവിലെയാണ് വിജിലൻസ് റെയ്ഡ് ആരംഭിച്ചത്. ഫർണിച്ചറുകളുടെ ഉൾപ്പെടെ വിലവിവരങ്ങൾ വിജിലൻസ് രേഖപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.
കോവിഡിന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാൻ തീരുമാനമായത്. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണം. വിവാഹ ചടങ്ങുകൾക്കടക്കം ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കണം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി അവധിക്കാല ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രണ്ടാം പ്രതിയെ മറ്റു പ്രതികൾ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. നാട്ടിൽനിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പുനലൂരിൽ വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. സുരേഷ് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊച്ചി പനക്കാട്ടെ ചതുപ്പ് നിലത്തേക്ക് അടിയന്തര ലാന്റിങ് നടത്തിയ എം.എ യൂസഫലിയുടെ ഹെലികോപ്റ്റർ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. അപകടത്തെ തുടർന്ന് ചികിത്സ തേടിയ എം.എ യൂസഫലിയും കുടുംബവും തിരികെ അബുദാബിയിലേക്ക് പോയി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു വില.
മെഗാ വാക്സിനേഷൻ ദൗത്യത്തിന് പ്രതിസന്ധിയായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം. സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളിൽ നിന്ന് വാക്സിൻ എത്തിച്ച് ക്യാമ്പ് തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കോൺടാക്റ്റ് ട്രോസിങ് ശക്തമാക്കാനും ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാനും തീരുമാനമായി.
റഫാൽ കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പടുത്തലുകളെത്തുടർന്ന് സമർപ്പിച്ച പൊതുതാത്പര്യ ഹർജി രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന പുതിയ വെളിപ്പെടുത്തൽ അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ പുതിയ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ സ്പുട്നിക്-V വാക്സിൻ ഉപയോഗത്തിനുള്ള അടിയന്തര അനുമതി നൽകി ഇന്ത്യ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ സ്പുട്നിക് V വാക്സിൻ രാജ്യത്ത് വിതരണം ചെയ്യാനാകും.
ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതൻ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിച്ചത്. ലോകായുക്ത നിയമപ്രകാരം റിപ്പോർട്ടിൻമേൽ മൂന്നുമാസത്തിനകം നടപടിയുണ്ടാകണമെന്നാണ് ചട്ടം.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് അറിയിച്ചു.
മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിക്ക് തിരിച്ചടിയായി. കനത്ത വില്പന സമ്മർദമാണ് ഇന്നലെ വ്യാപാരത്തിലുടനീളം പ്രകടമായത്. ഇതോടെ സെൻസെക്സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി. 2003 ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു. ഇതേതുടർന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിർദേശിച്ചു.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ചൊവ്വ) റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. കോവിഡ് മാനദണ്ഡപ്രകാരം തമിഴ്നാട്ടിൽ രാത്രി 11 മണിവരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലിൽ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്.ഐ മുത്തു കണ്ണിൽ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിക്കുകയായിരുന്നു.
കേരളത്തിൽ ഇന്നലെ 5692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 144, കൊല്ലം 167, പത്തനംതിട്ട 68, ആലപ്പുഴ 196, കോട്ടയം 337, ഇടുക്കി 46, എറണാകുളം 137, തൃശൂർ 207, പാലക്കാട് 130, മലപ്പുറം 253, കോഴിക്കോട് 425, വയനാട് 17, കണ്ണൂർ 303, കാസർഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.